Thursday, December 10, 2009

വറുതിക്കാലം

വറുതിക്കാലമോ?
കേട്ടാല്‍ ഭയാനകം
അനുഭവിച്ചീടില്‍ ദുരിത സമ്മേളനം
എന്താണോ അതിന്‍ വിപത്തുകള്‍?
പടര്‍ന്നു പന്തലിച്ച  കയ്പവല്ലരികള്‍
അതിന്‍ ഗതിയൊന്നോര്‍ത്തുനോക്കൂ
കത്തിക്കരിഞ്ഞ വേനലിനുച്ചിയില്‍
വാടിവാടി തളര്‍ന്നാടി വീഴ്കേ,
ഒരുതുള്ളിവെള്ളത്തെ ഏറ്റുവാങ്ങീടുവാന്‍
മണ്‍കുടമെന്നേ തപസ്സിരിപ്പൂ.
ഒരുതുള്ളിക്കെന്തിന്നനേകം കുടങ്ങള്‍?
കാര്‍മേഘമേ നീ എവിടൊളിച്ചൂ?
ഇവിടെനിന്നുയരും നിലവിളി കേള്‍പ്പീലേ....
വറുതിയിലിനിയും തളയ്ക്കരുതേ.

Tuesday, December 8, 2009

മോഹമഴ

വെള്ളിമുത്തുപോലെ പെയ്യുന്ന മഴ
വെള്ളിക്കൊലുസുപോല്‍
നിന്നെ ഞാന്‍ പാദങ്ങളില്‍ അണിഞ്ഞിരുന്നു
നിന്റെ കുളിരില്‍ മയങ്ങിയിരുന്നു
മെല്ലെ മെല്ലെ ഉറങ്ങിയിരുന്നു
മഴമുത്തുകളോടൊത്ത്
കളിക്കാന്‍ കൊതിച്ചിരുന്നു.
എന്റെ മുടിയിഴയില്‍ വീണു കാണാതായ നീ
വീണ്ടും മുത്തായ് നിലംപതിച്ചു.
അന്നാ മഴയില്‍ ആദ്യമായ് ഇറങ്ങിയ ഞാന്‍
പിന്നോരിക്കലും ആടിത്തിമിര്‍ക്കുന്ന
മഴയോടൊത്തു കളിച്ചില്ല.
കഠിനമായ രോഗത്തിന്റെ വലയിലായി
കാലുകള്‍ തളര്‍ന്ന് ഒറ്റയ്ക്കിരുന്നപ്പോഴും
വെറുതേ ഞാന്‍ നിന്നെയോര്‍ത്തു
വീണ്ടും നീ എന്നെ നനയ്ക്കുമെന്ന് ആശിച്ചു